gfc

ഓമനിച്ചോമനിച്ച് മടുക്കുന്നു

ഞാനെന്നെ ഓമനിച്ചോമനിച്ച് മടുത്ത്
ഞാനെന്നെ ഉപേക്ഷിക്കാമെന്ന് വെക്കുന്നു.

ഉപേക്ഷിക്കുമോ എന്ന് ഞാനെന്നോട്
സങ്കടപ്പെട്ട് ചോദിക്കുന്നു.

ഉപേക്ഷിക്കാതിരിക്കുമോ‍ എന്ന്
ഞാന്‍ തിരികെ ചോദിക്കുന്നു.

ഉപേക്ഷിക്കുന്നതെങ്ങനെ എന്ന്
ചോദിക്കുന്നു.

ചോദിച്ചുചോദിച്ച് ഓമനിക്കുന്നു.
ഓമനിച്ചോമനിച്ച് മടുക്കുന്നു.

ഇപ്പോള്‍ത്തന്നെ ഉപേക്ഷിക്കാമെന്ന് വെക്കുന്നു.

ഇപ്പോള്‍ത്തന്നെയോ എന്ന് ചോദിക്കുന്നു.

കുറച്ചുകഴിഞ്ഞ് പോരേ എന്ന് ചോദിക്കുന്നു

ചോദിച്ചുചോദിച്ച് ഓമനിക്കുന്നു.
ഓമനിച്ചോമനിച്ച് മടുക്കുന്നു

1 അഭിപ്രായം:

  1. എനിക്കാണെങ്കില്‍ എന്നെയോമനിച്ചോമനിച്ചിതുവരെ മതിവന്നില്ല.

    മറുപടിഇല്ലാതാക്കൂ