gfc

നമ്മള്‍ നമ്മുടെ തന്നെ പട്ടങ്ങള്‍


മരണങ്ങളെ മുളപ്പിച്ചെടുക്കുന്ന
വൈകുന്നേരത്തിന്റെ വിളുമ്പില്‍
പുകയൂതിക്കൊണ്ടിരിക്കുന്ന വിഷാദങ്ങളേ
സമയം തീര്‍ന്നതുകൊണ്ട്
കീറിക്കളഞ്ഞ ഭാഗ്യക്കുറിയാണ്
എന്നത്തെയും പോലെ ഇന്നത്തെ പകല്‍ .
മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട്
ഇനി ഭൂമിയുടെ മുകളില്‍ പറക്കാം .
അന്തം വിടട്ടെ ഇത്ര നാള്‍
നമുക്കു മുകളില്‍ അടയിരുന്ന വീടുകള്‍ .
അവയുടെ മേല്‍ക്കൂരകള്‍
പണ്ടത്തെപ്പോലെ പുല്ലുമേഞ്ഞവ.
അതിനു മുകളില്‍ ഒരു മത്തന്‍‌വള്ളി
പടര്‍ന്നുകയറി കായ്ച്ചു കിടന്നു.
         <>

<>      /

നമ്മള്‍ നമ്മുടെ തന്നെ പട്ടങ്ങള്‍

ആ പഴയ വീഡിയോ ആല്‍ബം ഓര്‍മിച്ച്
നമ്മുടെ നഗരത്തിനു മീതെ നാം നീന്തുന്നു
എനിക്കെതിരെ നീന്തിയെത്തും ഒരുവള്‍
ഏതു സ്വപ്നത്തിലും ഉള്ളതാണവള്‍
രണ്ടു ജലജീവികളെപ്പോലെ ഒരുടല്‍ മറ്റൊന്നിനെ
സാന്ത്വനിപ്പിച്ച് നഗരത്തിനു മീതെ..
തിരക്കുപിടിച്ച നഗരം നമ്മെ കാണുകയില്ല
കാഴ്ചകളുടെ വാല്‍‌വ് അങ്ങോട്ടു മാത്രമാണ്
അപ്പോള്‍
ഭൂമിയിലെ ടെലിഫോണ്‍ ബൂത്തുകളില്‍ നിന്ന്
ഭൂമിയിലെ വാച്ചുകടകളില്‍ നിന്ന്
ഭൂമിയിലെ കലണ്ടറുകളില്‍ നിന്ന്
പൊന്തിപ്പൊന്തിവരുന്നുണ്ട് അക്കങ്ങളുടെ കുമിളകള്‍ .
അവ നിറയുകയും വീര്‍ത്തുവീര്‍ത്തുപൊട്ടുകയും
അവളുടെ മുടിയിഴകളില്‍ കുരുങ്ങുകയും...

സ്വപ്നങ്ങളെ ഭയന്ന് ഞാന്‍ മുറിയടച്ചിടുന്നു
ചില്ലിലൂടെ വെളിച്ചം പോലെ
ചുമരിലൂടെ ഒരു കടല്‍ അകത്തു കടക്കുന്നു
ഈ മുറിയുടെ എല്ലാമെല്ലാം
ആഗ്രഹിക്കാതെ കൈവന്ന സ്ഥാനഭ്രംശത്തില്‍
ആഹ്ലാദിക്കുന്നു
ഉയരുന്ന ജലത്തോടൊപ്പം ഉയരുന്നു നില്‍പ്പുപങ്ക
ആമകളെപ്പോലെ തുഴഞ്ഞ് പുസ്തകങ്ങള്‍
കട്ടിലോടെ ഞാന്‍
വീട് അതിന്റെ വേരുകള്‍ പറിഞ്ഞ് ഒഴുകുന്നു
ഞാനതിന്റെ മേല്‍ക്കൂര പൊളിച്ച് തലപുറത്തിട്ട്
ആകാശത്തിലേക്ക് നോക്കുന്നു.
 :
മുകളില്‍
ആ പഴയ വീഡിയോ ആല്‍ബം ഓര്‍മിച്ച്
ഞങ്ങള്‍ ഇണചേര്‍ന്ന് ഒഴുകുന്നു.
കാഴ്ചയുടെ ആ വാല്‍‌വ് ഇപ്പോള്‍
മുകളിലേക്ക് മാത്രമാണ്.

ജയില്‍പ്പുള്ളി

പ്രഭാതത്തിന്റെ ആകാശത്തിലെ
ഒരു വെളുത്തമേഘവരയിലേക്ക്
നിന്റെ മുടിയിഴകള്‍ നരച്ച് പറക്കുന്നു.
നിന്റെ കണ്ണുകളില്‍ അന്ധതയുടെ
മൂവായിരം കാക്കകള്‍ കൂടുവെക്കുന്നു.
നിന്റെ ചെവികള്‍ ശബ്ദങ്ങളെ ത്യജിക്കുന്നു.
നീ വൃദ്ധനാവുന്നു.

നിന്റെ പ്രേമം മാത്രം കൂടുതല്‍ ചെറുപ്പത്തോടെ
നിന്റെ അകത്ത് കുടുങ്ങിപ്പോയിരിക്കുന്നു.
നീ-നിന്റെ പ്രേമത്തിന്റെ ജയില്‍.
അവന്‍ (നിന്റെ പ്രേമം ) കൂടുതല്‍ ഭീരുവായിരിക്കുന്നു.
അവന്‍ നിന്റെ കണ്ണുകളിലൂടെ നോക്കുന്നു.
പക്ഷേ ആരുമവനെ കാണുന്നില്ല.
അവന്‍ നിന്റെ തൊണ്ടയിലൂടെ പറയുന്നു.
പക്ഷേ ആരുമത് കേള്‍ക്കുന്നില്ല.
ഒരു വയസ്സന്റെ ശബ്ദമെന്ന് തള്ളുന്നു.
അവന്‍ നിന്റെ വിരലുകളാല്‍ സ്പര്‍ശിക്കുന്നു.
പക്ഷേ അതൊരു വയസ്സന്റെ തണുപ്പന്‍ തൊടല്‍.

നിന്റെ പ്രേമം അവന്റെ ഭാവിയോര്‍ത്ത്
നിന്നില്‍ ചകിതനായിക്കഴിയുന്നു.
അവന്‍ എല്ലാ പൂന്തോട്ടങ്ങളിലേക്കും
അവന്റെ കൈകളെത്തിക്കുന്നു.
അവന് ഒരിതള്‍ പോലും കിട്ടുന്നില്ല.
നിന്റെ പ്രേമം എല്ലാ സുഗന്ധങ്ങളിലേക്കും
അതിന്റെ നാസിക വിടര്‍ത്തുന്നു.
അത് ഒന്നുമറിയുന്നില്ല.
ഓര്‍മകള്‍ തിന്നുതിന്ന്
ഓര്‍മയായിപ്പോവുന്നു
നിന്റെ പ്രേമം.

ഞാനുണ്ട്,ഞാനിപ്പോഴുമുണ്ട്...

ഉരുകുന്നു.
നടന്നുപോവുന്ന ആ പെണ്‍കുട്ടി
നടുറോട്ടില്‍ ഉരുകിയുരുകി ഒലിക്കുന്നു.
അവളുടെ പച്ചപ്പാവാട
ഉരുകിപ്പരക്കുന്നു.
നിമിഷം മുന്‍പ്
അരയ്ക്കു താഴെ ഉരുകിപ്പോയതിനാല്‍
അവള്‍
പച്ചപ്പാവാട വട്ടത്തില്‍
കൂമ്പി നില്‍ക്കുന്ന ജലപുഷ്പം.
ഇപ്പോള്‍ ഈ നിമിഷത്തില്‍
ആ പകുതിയും
ചിതറിച്ചിതറിപ്പോകുന്നു.
നടന്നു വരുന്ന മനുഷ്യരെല്ലാം
പൊടുന്നനെ അരയോളം
ഉരുകിയവരായി നിരത്തില്‍
മുറിഞ്ഞുവീഴുന്നു.
ഒഴുകിയൊഴുകി വരുന്ന ആ‍ കാറ്,
അതിനു പിന്നിലെ അസംഖ്യം കാറുകള്‍
അലിഞ്ഞലിഞ്ഞ് പോകുന്നു.
വരുന്ന വരവില്‍ത്തന്നെ
അവയുടെ തലവിളക്കുകളുടെ
വെളിച്ചങ്ങളില്‍ നിന്ന്
നിറങ്ങള്‍ ♫♫♫♫♫ എന്ന്
പറന്നുപോവുന്നു.
കെട്ടിടനിരകള്‍ അവയുടെ
നിറങ്ങളും ഘടനയും ഉപേക്ഷിച്ച
കേവലഘടനകളാവുന്നു.
അവയും
ആ ചതുരങ്ങളും ദീര്‍ഘചതുരങ്ങളും
ത്രികോണങ്ങളും വൃത്തങ്ങളും
ഇളകിപ്പറക്കുന്നു.
മങ്ങിമങ്ങിമങ്ങി മറയുന്നു.
ആളുകള്‍ വന്നിരിക്കാറുള്ള
ഈ പാര്‍ക്കിലെ
മുഴുവന്‍ ചെടികളില്‍ നിന്ന്,
മുഴുവന്‍ പൂക്കളില്‍ നിന്ന്,
മുഴുവന്‍ പൂമ്പാറ്റകളില്‍ നിന്ന്
അവയുടെ നിറങ്ങള്‍ ഇറങ്ങിപ്പോവുന്നു.
ആകൃതികള്‍ മാത്രം അവശേഷിപ്പിച്ച്
ദ്രവ്യം അതിന്റെ പാട്ടിനു പോവുന്നു. 
സുതാര്യതയുടെ ഒരു കടല്‍.
തിരകളുടെ തുമ്പുകളിലെങ്ങാനും
ബോധത്തിന്റെ മീനുകള്‍ കണ്ടേക്കാം


വിദൂരതിയില്‍ നിന്ന് തുടങ്ങിയ ഉരുക്കം
എല്ലാം തകര്‍ത്ത്
ഞാനിരിക്കുന്ന ഈ ഹോട്ടലിനെ സമീപിക്കുന്നു.
എനിക്ക് ചായ അടിക്കുന്ന
ആ മനുഷ്യന്‍ നിന്ന നില്പില്‍
അലിഞ്ഞലിഞ്ഞു പോവുന്നു.
മുന്നിലെ എല്ലാ മേശകളും
ആളുകളും ഉരുകിയുരുകി മായുന്നു.
ഈ മേശപ്പുറത്തുവെച്ച എന്റെ വിരലുകള്‍
ഒരു നിറവുമില്ലാത്ത
ഒരു മണവുമില്ലാത്ത
അഞ്ചുനദികളായി വിരലറ്റങ്ങളില്‍ നിന്ന്
പൊട്ടിപ്പുറപ്പെട്ട് ഒഴുകുന്നു.
ഇളകുന്ന വെള്ളത്തിലെ
തെങ്ങിന്‍ നിഴലുപോലെ
ഉടയുന്നു,
ചിതറുന്നു,
മായുന്നു.
ഞാനുണ്ട്,
ഞാനിപ്പോഴുമുണ്ട്...