gfc

നഗരമേ...

എന്തും സംഭവിക്കാവുന്ന ആ രാത്രി

എന്തെങ്കിലും സംഭവിപ്പിക്കുന്നതിനുവേണ്ടി

ഉറങ്ങിക്കിടക്കുന്ന ഗ്രാമത്തിലെ

എല്ലാ വീടുകളില്‍ നിന്നും

എല്ലാ മനുഷ്യരുടെയും

നാവുകള്‍ പുറത്തേക്ക് നീണ്ടു നീണ്ടു വന്നു.

വാതിലോ ജനാലയോ തുറന്ന്

പുറത്തേക്ക് എത്തിനോക്കി.

‘പൂമുഖക്കിളിവാതില്‍ അടയ്ക്കുകില്ല

കാമിനീ നിന്നെ ഞാന്‍ ഉറക്കുകില്ലാ’

എന്നൊരു റേഡിയോ ഗാനം വെച്ച് ആരോ അപ്പോള്‍

ഉറങ്ങിപ്പോയിരുന്നു

അത് കേട്ട് അവയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു

നേരിയ നിലാവില്‍

കയറിയിറങ്ങുന്ന കാറ്റ് അതിലൊന്നിനെക്കണ്ട്

കുറച്ചുനേരം മിണ്ടാതായി.

മരങ്ങളെക്കണ്ടും നിലാവു കണ്ടും കൊതിപൂണ്ട

അവ സ്വന്തം വീട്ടുമുറ്റത്തെ വിജനതയില്‍

സര്‍പ്പിളാകൃതിയില്‍ മുകളിലേക്ക്

വളഞ്ഞുവളഞ്ഞുയര്‍ന്ന്

പുതിയതരം ഒരു മരമെന്ന് നടിച്ചു

അവയുടെ മുകളറ്റത്തെ കൂര്‍പ്പില്‍

നിലാവ് ഒലിച്ചിറങ്ങി ഉമിനീരില്‍ചേര്‍ന്നു.

നാവുമരങ്ങള്‍ ഒന്നൊന്നായി

അഴിഞ്ഞടിഞ്ഞ് ഇരുട്ടിലേക്ക് നീണ്ടു തുടങ്ങി.

നീളുവാന്‍ ഒരു വിചാരമേ വേണ്ടിയിരുന്നുള്ളൂ.

അവയാവട്ടെ എത്രയോ കാലമായി

ഇങ്ങനെയൊക്കെ വിചാരിക്കുന്നു

കാണുന്ന വീടുകളിലും മരങ്ങളിലും

അവ ചുറ്റിപ്പിടിച്ചുകയറി

ദൂരത്തുള്ള കുന്നുകളുടെ കറുത്ത അരികുകള്‍

നക്കിയെടുത്തു

പേടിയില്ലാതെ ഒറ്റയ്ക്ക് അലഞ്ഞുനടന്ന മേഘങ്ങളെ

പിടിച്ച് ഉമിനീരില്‍ അലിയിച്ചുകളഞ്ഞു

പാടത്തും വഴിപ്പുല്ലുകളിലും തുപ്പല്‍‌പത വീഴ്ത്തി

അവ നഗരത്തെ തിരഞ്ഞുചെന്നു

പലവഴിക്ക് നീണ്ടുവന്ന നാവുകള്‍

തെരുവുകളില്‍ചുറ്റിപ്പിണഞ്ഞ് ഇണചേര്‍ന്നു

മഞ്ഞവെളിച്ചത്തിന്റെ നിസ്സഹായത

എല്ലായിടത്തും കായ്ച്ചുനിന്നിരുന്നു

ഉറങ്ങിക്കിടക്കുന്ന സെക്യൂരിറ്റി ജീവനക്കാരെ

നക്കിയുറക്കിയോ ചുറ്റിപ്പിടിച്ച് വലിച്ചെറിഞ്ഞോ

നഗരമരങ്ങളിലേക്ക് അവ പടിപടിയായി

ഇഴഞ്ഞിഴഞ്ഞ് കയറി

ഫ്ലാറ്റുകളില്‍ ഉറങ്ങുന്ന ചീര്‍ത്തതും ചുവന്നതുമായ

മനുഷ്യരെ അവ നക്കിത്തോര്‍ത്തി.

ആ മനുഷ്യരാവട്ടെ അഗാധനിദ്രയില്‍

ഫ്ലാറ്റുകളില്‍ നിന്ന് താഴേക്ക് വീഴുന്ന ഒരു സ്വപ്നത്തില്‍

പെട്ടുപോയി.

നഗരത്തിലെ എല്ലാ മനുഷ്യരും

ഒരേ സമയം

വളരെ   സാ  വ   കാ    ശം

ഫ്ലാറ്റുകളില്‍ നിന്ന്

താഴേക്ക് വീഴുന്നു

മറ്റുള്ളവരുടെ വീഴ്ചകള്‍ കൂടി

അവര്‍ക്ക് കാണാനാവുന്നു.

അവര്‍ ഒരിക്കലും താഴെ എത്തിച്ചേരുന്നതേയില്ല.

താഴെ

കോടിക്കണക്കിന് നാവുകള്‍

പാമ്പുകളെപ്പോലെ ഇഴഞ്ഞുനടക്കുന്നു

താഴേക്ക് തലകുത്തിവീഴുന്ന അവരെ

കൊത്തിവിഴുങ്ങാന്‍ അവയെല്ലാം ഒന്നായി

ഉയര്‍ന്നുവന്ന് നഗരമേ എന്ന്  പൊളിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ