gfc

നിദ്ര















നൂറ്റാണ്ടുകളായി ഞാന്‍ ഉറങ്ങുകയാണ്
എനിക്കരികില്‍ കിടന്നവള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്
എഴുന്നേറ്റുപോയി.
തലയ്ക്കരികില്‍ കുടിക്കുവാന്‍ വെച്ചിരുന്ന
വെള്ളക്കുപ്പിയും എഴുന്നേറ്റുപോയി
ഞങ്ങള്‍ക്കിടയില്‍ കിടന്നിരുന്ന കുഞ്ഞുങ്ങളും
വളര്‍ന്നു വളര്‍ന്ന് എവിടേക്കോ പോയി
ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ വെച്ചിരുന്ന പാട്ട്
ഉറക്കം പിടിച്ചപ്പോഴേ നിലച്ചു
ഉറങ്ങിക്കൊണ്ടിരുന്നതിനുമീതെ
കറങ്ങിക്കൊണ്ടിരുന്ന പങ്ക
ക്ഷീണിച്ച് പണി നിര്‍ത്തി.
ഉറങ്ങിയിരുന്ന മുറിയുടെ ചുമരുകള്‍
പല ദിക്കുകളിലേക്ക് നടന്നുപോയി.
മേല്‍ക്കൂര പറന്നുപോയി

നൂറ്റാണ്ടുകളായി ഞാന്‍ ഉറങ്ങുകയാണ്
ഉറക്കത്തില്‍ പരതുകയാണ്
എനിക്കരികില്‍ കിടന്നവളെ
എനിക്കും അവള്‍ക്കുമിടയില്‍ കിടന്ന കുട്ടികളെ
കറങ്ങിക്കൊണ്ടിരുന്ന പങ്കയുടെ സ്വിച്ച്
തലയ്ക്കുംഭാഗത്ത് കുടിച്ചുവെച്ച വെള്ളക്കുപ്പി
ഉറക്കം തുടങ്ങുമ്പോള്‍ അരികിലുണ്ടായിരുന്നതൊന്നും
ഇപ്പോഴും അവിടെയുണ്ടെന്ന് ഉറപ്പു കിട്ടുന്നില്ല
ഉണരാന്‍ പറ്റുന്നുമില്ല.

എന്റെ ഉറങ്ങുന്ന ശരീരത്തിനു മീതെ
വെയിലും നിലാവുമൊഴുകി
വഴിതെറ്റിവന്ന മഴക്കാലനദി
എനിക്കു മുകളിലൂടെ ഒലിച്ചുപോയി
മീനുകള്‍ എന്റെ ശരീര രന്ധ്രങ്ങള്‍ വീടുകളാക്കി
ഒളിച്ചു കളിച്ചു
എന്റെ തൊലിപ്പുറത്തു നിന്ന് ജലസസ്യങ്ങള്‍
മുളച്ചുപൊന്തി.
ഞാന്‍ പരതിക്കൊണ്ടിരുന്നു.
അവളെ,കുഞ്ഞുങ്ങളെ പങ്കയുടെ സ്വിച്ച്,
കുടിച്ചുവെച്ച വെള്ളക്കുപ്പി...
ഒരു മത്സ്യം പിടി തരാതെ വഴുതിപ്പോയി
പായലോ മുടിയോ എന്നറിയാതെ
ഞാന്‍ കുഴങ്ങിപ്പോയി
ഉറങ്ങുന്നവനോട് ദയവു തോന്നുമ്പോള്‍
കുപ്പിവെള്ളം വെള്ളമായിത്തന്നെവന്ന്
പിടിതരുമോ?
സംശയിക്കാന്‍ ‘ഇട’യില്ല
നൂറ്റാണ്ടുകളായി ഞാന്‍ ഉറങ്ങുന്നു.

എനിക്കു മീതെ ഒഴുകിക്കൊണ്ടിരുന്ന നദി
ദാരുണമായി കൊല്ലപ്പെട്ടു.
വെയിലിന്റെ മുള്‍ക്കാടുകള്‍ പൊന്തിയ
ഒരു മരുഭൂമി എനിക്കു ചുറ്റുമുണ്ടായി
സഞ്ചാരികളെയും കൊണ്ട് പോകുന്ന
ഒട്ടകങ്ങള്‍ കടന്നുപോയി
മുള്‍ച്ചെടികളുടെ നിഴല്‍ വല്ലപ്പോഴും വീണു
മരുപ്പാമ്പുകള്‍ എനിക്കുമുകളിലൂടെ
ഇഴഞ്ഞുപോയി...
ഞാന്‍ പരതിക്കൊണ്ടിരുന്നു

2 അഭിപ്രായങ്ങൾ:

  1. ഒരു നദിയുടെ ഒഴുക്കില്പ്പെട്ടപോലെ,
    വായന ഓരോ ഓളപ്പടർപ്പിന്റെയും കൂടെ ഒഴുകിയൊഴുകിപ്പോകുന്നു...

    മറുപടിഇല്ലാതാക്കൂ
  2. ഭൂമിയില്‍ നിന്നു കുഴിച്ചെടുക്കുന്ന എണ്ണ പണ്ട് മണ്ണടിഞ്ഞ ജീവികളുടെ കൊഴുപ്പാണെല്ലോ?അപ്പോള്‍ നിങ്ങള്‍ ഇപ്പോ പെട്രോളായി ഏതൊങ്കിലും വണ്ടിയില്‍ കത്തിപോയി കാണും!ഇനി പുകയായി അന്തരീക്ഷത്തില്‍ നിന്ന് മഴയായി പെയ്തിറങ്ങി ഭൂമിയില്‍ ഒരു നന്ദിയായി ജനിച്ച്,ഈ നിദ്രവിട്ടുണരാം!

    മറുപടിഇല്ലാതാക്കൂ