gfc

പേനകള്‍

എന്റെ പോക്കറ്റുകളില്‍
പേനകള്‍ ഇരിക്കുന്നില്ല.
എല്ലാം എന്നെ വിട്ടുപോകുന്നു.
ഇതിപ്പോള്‍ എത്രാമത്തെ
പേനയാണെന്ന് ചോദിക്കരുത്.
ആയിരക്കണക്കിന് പേനകള്‍
ചാടിപ്പോയിട്ടുണ്ട് എന്റെ
പോക്കറ്റുകളില്‍ നിന്ന്.
ഞാനവയെ കവിതയെഴുതി
പീഡിപ്പിച്ചതുകൊണ്ടാണോ
ചാടിപ്പോയതെന്ന് സംശയമില്ലാതില്ല.
ഏതെങ്കിലും പേന സ്വേച്ഛയാലല്ലാതെ
ചാടിപ്പോയിട്ടുണ്ടാവുമോ?
തിരിച്ചുവന്നെടുക്കുമെന്ന് കരുതി
എവിടെയെങ്കിലും കാത്തിരുന്നുവോ?
വീണ്ടുമെപ്പോഴെങ്കിലും കണ്ട്
നിശ്ശബ്ദം നിലവിളിച്ചോ?
ഒരു നിശ്ചയമില്ലയൊന്നിനും..

ചാടിപ്പോവുന്നപേനകള്‍
എവിടേക്കാണ് പോവുന്നത്?
എഴുതിയെഴുതി മടുക്കുമ്പോള്‍
അവ മറ്റേതോ വിരലുകളെ
തിരഞ്ഞു പോവുകയാവുമോ?
പേനകള്‍ എന്തായാലും
സാധാരണ ഉപകരണങ്ങളല്ല.
അവയ്ക്ക് ജീവനുണ്ട്,മടുപ്പുണ്ട്.
അതുകൊണ്ടല്ലോ അവര്‍
ചാടിപ്പോക്കുകാരായത്.
എന്നിട്ടും ഇന്നാള്‍ ഒരു പേന
ചാടിച്ചാടിപോകുന്നതു കണ്ടെന്ന്
ഒരാളും നമ്മളോട് പറഞ്ഞില്ല.
എത്ര രഹസ്യം നിറഞ്ഞ
ഏതു വഴികളിലേക്കാണ്
അവ ചാടിപ്പോകുന്നത്?

ഇപ്പോള്‍ ഇതെല്ലാം
എഴുതിക്കൊണ്ടിരിക്കുന്നു
ഒരു പേന.
എന്നാകും
എവിടേക്കാവും
എപ്പോഴാവും
ഇതിന്റെ ചാടിപ്പോക്ക്?
എവിടെയാവും ആ രഹസ്യം
ഒരാള്‍(?) എഴുതിവെച്ചിരിക്കുക...?

6 അഭിപ്രായങ്ങൾ:

  1. എന്റെ കാര്യത്തിലും ഇത് ശരിയാണു മാഷേ..
    പേനയും കര്‍ച്ചീഫും എപ്പൊഴും എന്നെ വിട്ടു പൊക്കോണ്ടേയിരിക്കും.. പോയിക്കഴിഞ്ഞാണറിയുക...

    മറുപടിഇല്ലാതാക്കൂ
  2. ജീവനും മടുപ്പുമുള്ള പേനകളെ കുറിച്ച്‌ അവയുടെ രഹസ്യങ്ങളെ കുറിച്ച്‌ താങ്കള്‍ക്കല്ലാതെ ആര്‍ക്കാണ്‌ ഇങ്ങനെ എഴുതാന്‍ കഴിയുക.മാഷെ വളരെ ഇഷ്ടമായി

    മറുപടിഇല്ലാതാക്കൂ
  3. എന്നും ഒരേ പേനകൊണ്ട് എഴുതുന്നവന്റെ ഗതികേടോര്‍ക്ക് മാഷേ..

    ഓടോ. എവിടേരുന്ന്?

    മറുപടിഇല്ലാതാക്കൂ
  4. പേന ചാടിപ്പോയത് കവിതയെഴുതി പീഡിപ്പിച്ചത് കൊണ്ടാവില്ല.അങ്ങനെയാനെന്കില്‍,ഈ ലോകത്ത് പേനയെന്ന ഒരു "സംഭവമേ" കാണില്ലായിരുന്നു.
    നന്നായിരിക്കുന്നു.വേറിട്ട ഒരു ചിന്ത.

    മറുപടിഇല്ലാതാക്കൂ
  5. പേനകള്‍
    ചാടിപ്പോകും,
    പോകണം.

    ഓരോ പേന ചാടിപ്പോകുമ്പോഴും
    പുതിയതൊന്ന്‌
    വിരുന്നു വരുമ്പോഴും
    സ്വന്തമാക്കുന്നവന്റെ
    ഏതെങ്കിലും ഉള്ളറകളില്‍ നിന്നും
    അറിയാതെയെങ്കിലും(?)
    ഒരിത്തിരി
    ചിരിയൂറുന്നുണ്ടാവും.

    അത്‌ തിരിച്ചറിയാനുള്ള
    കുഞ്ഞുകുഞ്ഞു കണ്ണുകളൊക്കെ
    ഏതു പേനയ്ക്കുമുണ്ടാകും

    ആ കുഞ്ഞുഞ്ഞു കണ്ണുകളെ
    പേടിയ്ക്കുക,
    അല്ലെങ്കില്‍
    ശൂന്യമായ കീശകള്‍ക്കായി
    മനസ്സൊരുക്കുക.

    മറുപടിഇല്ലാതാക്കൂ
  6. നഗ്നാ,
    നിന്നെ എനിക്കറിയാവുന്നത് കൊണ്ട് മറുപടിയില്ല.
    അടുത്ത വ്യാഴാഴ്ച മുഴുവന്‍ നമുക്ക് ഇതെക്കുറിച്ച് സംസാരിക്കാം.
    (കള്ളിന്റെ കാശ് ഉറപ്പായും നീ കൊടുക്കണം)
    പശ്ചാത്താപത്താല്‍ വിഷ്ണുവിന്റെ നമ്പര്‍ ചോദിച്ചാല്‍ എനിക്ക് ബോധ്യം വരുന്നത് വരെ അത് ഞാന്‍ തരില്ല. കമന്റിലെ അവസാന മൂന്നു വരികള്‍ക്ക് തരാനാവുന്ന ഏറ്റവും ചെറിയൊരു ശിക്ഷ......

    മറുപടിഇല്ലാതാക്കൂ