gfc

ലിംഗരാജ്

ഇന്ദീവരാക്ഷി കവലയുടെ പടിഞ്ഞാറേ അറ്റത്തുള്ള
കമ്പ്യൂട്ടര്‍ സെന്ററിലെ ജീവനക്കാരിയാണ്
രാവിലെ പത്തുമണിയോടെ കിഴക്കു നിന്നു പടിഞ്ഞാട്ടും
വൈകിട്ട് നാലുമണിയോടെ പടിഞ്ഞാട്ടു നിന്നു കിഴക്കോട്ടും
അവളീ കവലയിലൂടെ കടന്നു പോവും.
എല്ലാ പെണ്ണുങ്ങളെയും നോക്കുന്നതു പോലെ
ഞാന്‍ ഇന്ദീവരാക്ഷിയേയും നോക്കിയിരുന്നു.
എനിക്കു നോക്കാന്‍ പാകത്തിനാണ് പഞ്ചായത്ത്
ഈ വെയ്റ്റിങ്ഷെഡ്ഡ് ഉണ്ടാക്കി വെച്ചിരിക്കുന്നത്.

ഇന്ദീവരാക്ഷി എല്ലാ പെണ്ണുങ്ങളെയും പോലെ
തലകുനിച്ച് ,ഓരോ കാലടിയും എടുത്തുവെക്കുമ്പോള്‍
വെളിപ്പെടുന്ന പുതിയ ഒരടി ദൂരം മാത്രം മുന്നില്‍ കണ്ട്
നടന്നു പോവും...

ആവശ്യമില്ലാത്ത ചോദ്യങ്ങളൊക്കെ
ചോദിക്കുന്ന ശീലമുള്ളതുകൊണ്ട്
ഞാന്‍ ഇന്ദീവരാക്ഷിയോട് ഒരു ചോദ്യം ചോദിച്ചു:

എല്ലാ ഇടത്തരം കവലകളിലെയും പോലെ
ഈ കവലയിലും പെണ്ണുങ്ങള്‍ എന്തുകൊണ്ടാണ്
തലകുനിച്ച്, മുന്നോട്ടുള്ള നടത്തത്തില്‍ വെളിപ്പെട്ടുകിട്ടുന്ന
ഒരടി റോഡിനെ മാത്രം നോക്കി നടന്നു പോവുന്നത്?

ശബ്ദമില്ലാത്ത ചോദ്യമായതുകൊണ്ട്
ഇന്ദീവരാക്ഷി പോയിട്ട് ഇന്ദീവരാക്ഷിയുടെ പട്ടി പോലും
മിണ്ടിയില്ല.


പക്ഷെ വേണ്ടത്ര ഭാവനയുള്ള ഒരുത്തനായതുകൊണ്ട്
ഇന്ദീവരാക്ഷിയുടെ ഒരു ഡ്യൂപ്ലിക്കേറ്റിനെ പടച്ച്
ഞാന്‍ കിഴക്കോട്ടും പടിഞ്ഞാട്ടും നടത്തി.
ഇന്ദീവരാക്ഷി എന്റെ ചോദ്യം കേട്ട്
വെയ്റ്റിങ് ഷെഡ്ഡില്‍ വായില്‍ നോക്കിയിരിക്കുന്ന
എന്നോടു വന്നു പറഞ്ഞു:


എടാ പൊട്ടന്‍ ക്ണാപ്പാ,
ഈ കവല എന്താണെന്ന് നിനക്കറിയാമോ?
തൊണ്ണൂറ് ഡിഗ്രിയില്‍ നില്‍ക്കുകയോ നടക്കുകയോ
ചെയ്യുന്ന ആണ്‍ലിംഗങ്ങളുടെ സമുച്ചയമാണിത്.
ഈ കെട്ടിടങ്ങള്‍,ലംബവും നിശ്ചലവുമായ ബഹുനിലലിംഗങ്ങള്‍
ഈ വാഹനങ്ങള്‍,തിരശ്ചീനമായി ചലിക്കുന്ന ലിംഗങ്ങള്‍
ഈ റോഡാകെ പാഞ്ഞു നടക്കുന്നത്,
കടകളില്‍ സാധനം പൊതിഞ്ഞുകൊണ്ടിരിക്കുന്നത്,
നിറുത്തിയിട്ട ടാക്സിവണ്ടികളില്‍ നിന്ന്
പ്ലവരൂപത്തില്‍ ചിറി തെറിപ്പിക്കുന്നത്
എല്ലാം ഉദ്ധൃത ലിംഗങ്ങളാണ്.


പത്തുമണിക്ക് പടിഞ്ഞാട്ടും
നാലുമണിക്ക് കിഴക്കോട്ടും നടക്കുമ്പോള്‍
ഈ ലിംഗങ്ങള്‍ എന്നെ തുറിച്ചു നോക്കും;
പഞ്ചാര പൊതിയുന്ന ലിംഗങ്ങള്‍,
നോട്ടെണ്ണുന്ന ലിംഗങ്ങള്‍,
കൂട്ടുകാരോട് കുശലം പറയുന്ന ലിംഗങ്ങള്‍,
ബസ്സു കാക്കുന്ന ലിംഗങ്ങള്‍ ...

പുരുഷഭീകരതയുടെ കോട്ട
ചുറ്റോടു ചുറ്റും പീരങ്കികള്‍
അതിനിടയിലൂടെ ആത്മപുച്ഛത്തോടെ
ശരീരത്തെക്കുറിച്ച് വേവലാതിപ്പെട്ട്
ഇങ്ങനെയല്ലാതെ എങ്ങനെയാണ് നടക്കുക...?

ഇന്ദീവരാക്ഷി കിതച്ചുകൊണ്ട് പറഞ്ഞു നിര്‍ത്തി.


പുരുഷന്‍ എന്ന ഗര്‍വിനെ വലിച്ചെറിഞ്ഞ്
ഒരു നിമിഷം പെണ്ണായി നോക്കി,ഞാനീ ലോകത്തെ.
പെണ്ണായി നടക്കാത്ത വഴികള്‍,
പെണ്ണായി വാഴാത്ത വീട്,
പെണ്ണായി നോക്കാത്ത ആകാ‍ശം, ഭൂമി
എല്ലാം അപരിചിതമായ ഭയങ്ങളായി
ഈ വെയ്റ്റിങ്ഷെഡ്ഡിലേക്ക് ഇരച്ചുവരികയായ്.

5 അഭിപ്രായങ്ങൾ:

  1. ഈ ഭയപെടല്‍ തന്നെയാണ് പെണ്ണിന്റെ കണ്ണില്ലേ തിമിരം. എല്ലാത്തിനെയും ഭയപെട്ട്ട് അവര്‍ക്ക് ജീവിതത്തെ തന്നെ ഭയമാകുന്നു.
    എന്ത് ചെയ്യാന്‍ കഴിയും? അവരുടെ കണ്ണിനു വേണ്ട വെളിച്ചം അവര്‍ തന്നെ കണ്ടെതണ്ടേ.
    "സൌഭാഗ്യവതികള്‍ക്ക്" നല്ലത് വരട്ടെ.
    കവിത രസിച്ചു

    മറുപടിഇല്ലാതാക്കൂ
  2. നല്ല ഒന്നാന്തരം കവിത മാഷേ...

    അനക്കിക്കൂടാത്തതെന്നും സംശയിക്കേണ്ടാത്തതെന്നും അകത്ത് എന്തെങ്കിലും ഇനിയും കാത്തുവെച്ചിട്ടുണ്ടെങ്കില്‍ അതിനെ ഞാന്‍ ഇങ്ങനെ ഉരച്ചുരച്ച് പുറത്തെടുക്കും എന്നു പറയുന്നു ക്രാഫ്റ്റിലെ പരുപരുപ്പ്.

    അവസാനത്തെ ഖണ്ഡം ആവശ്യമില്ലായിരുന്നു എന്ന് എനിക്ക് തോന്നി. അത് അതിനു തൊട്ടു മുകളിലുള്ള കവിതക്ക് വിഷ്ണുമാഷ് കമന്റിട്ട പോലെ ആയിപ്പോയോ എന്നൊരു ഡൌട്ട്...(എന്നെ തല്ലരുത്..:))

    മറുപടിഇല്ലാതാക്കൂ
  3. വളരെ നല്ല കവിത. വായിച്ചിരുന്നു നേരത്തെ. ബാബുരാജിന്റെ ലിന്കില്‍ കൂടെ എത്തി വീണ്ടും വായിച്ചു.

    അവസാനം ലാപുട എഴുതിയതുപോലെ, കമന്റ് ആണെന്ന് തോന്നിപ്പിച്ചു. അത് വായനക്കാരന് വിടുകയായിരുന്നു നല്ലതെന്നു തോന്നി.

    മറുപടിഇല്ലാതാക്കൂ