gfc

ഝഷം

ഝ എന്ന അക്ഷരം പഠിക്കാന്‍ വേണ്ടി
ഝഷം എന്നൊരു വാക്കു പഠിച്ചു.
അതില്‍ പിന്നെ ഉപയോഗിച്ചിട്ടേയില്ല അത്.
പൌലോസ് മാഷ് നക്സലൈറ്റായിരുന്നു.
ലഘുലേഖകളും അച്ചടിയന്ത്രവും പിടിച്ചതില്‍ പിന്നെ
മാഷ് ഒളിവിലായിരുന്നു.
കൊല്ലപ്പരീക്ഷയുടെ തലേന്നു വന്ന്
തറ പറ മുതല്‍ അവസാന പേജു വരെ
ഒറ്റവായനയില്‍ തീര്‍ത്തു.
അതിനു ശേഷം ഒരു ഝഷത്തേയും
ഝഷമേ എന്നു വിളിക്കാന്‍ കൂടിയിട്ടില്ല.
ബാലപാ‍ഠത്തിലും ശബ്ദതാരാവലിയിലും
അതിപ്പോഴുമുണ്ടെന്നതിനു സാക്ഷ്യമുണ്ട്.
തന്നില്‍ താഴെയുള്ളതിനെയൊക്കെ തിന്നുമെന്ന്
ശബ്ദതാരാവലിയിലിരുന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്.
ഒരു സാധാരണ മീനിനെപ്പോലും
തിന്നുവാനാവാത്ത ഝഷം...!

4 അഭിപ്രായങ്ങൾ:

  1. ഭാഷയിലെ വരേണ്യമായ വാക്കുകളെ വേട്ടയാടാനുള്ള ആയുധങ്ങളുമായാണ് ആധുനികകാലം കവിതയിലേക്കിറങ്ങുന്നത്.
    പീഠങ്ങളെ ഉപേക്ഷിച്ച അവന്‍ വെറും നിലത്തിരിക്കാന്‍ സ്വയം പരിശീലിക്കുന്നു.
    വിപ്ലവങ്ങളില്‍ ഒരിക്കലും സംസ്കരിക്കപ്പെട്ട വാക്കുകള്‍ കൂട്ടു നിന്നിട്ടില്ല എന്ന തിരിച്ചറിവുകൊണ്ടാകാം ഒരു പക്ഷേ ഈ കിരാതനായാട്ട്.ഒരു സാധാരണ മീനിനെ പോലും തിന്നുവാനാകാത്ത നിലയിലേക്ക് ഈ മാമത്തുകളെ ഫോസില്‍ വല്‍ക്കരിക്കുന്നതില്‍ നമുക്ക് വ്യക്തമായ പങ്കുണ്ട്.
    എങ്കിലും ഇതിനൊരു മറുവശവുമുണ്ട് എന്നു കാണാതെ പോകരുത് ഭാഷയിലേക്ക് കടന്നുവരുന്ന ശൂന്യസ്ഥലങ്ങള്‍ നിറയ്ക്കാന്‍ പുതിയ എഴുത്തുകാര്‍ ബാധ്യസ്ഥരും കൂടിയാവുന്നു.ആ ബാധ്യത കൂടി നിറവേറ്റേണ്ടിയിരിക്കുന്നു.

    ഈ കവിത പായിക്കുന്ന വെടിയുണ്ട എവിടെയൊക്കെ തറയുമെന്ന് എനിക്കറിയില്ല.എങ്ങനെ ഇതിനെ അഭിനന്ദിക്കണം എന്നും അറിയില്ല.

    മറുപടിഇല്ലാതാക്കൂ
  2. അങ്ങിനെ ആവശ്യമില്ലാത്ത എന്തൊക്കെ വാക്കുകള്‍ പഠിച്ചു മറന്നിരിക്കുന്നു !!!

    മറുപടിഇല്ലാതാക്കൂ
  3. സനാതനന്‍ പറഞ്ഞതുപോലെ ഈ കവിത പായിക്കുന്ന വെടിയുണ്ട് എവിടെയൊക്കെ തറക്കുമെന്ന് അറിയില്ല.
    ഒത്തിരി ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ