gfc

പരപ്പ്

മേഘങ്ങള്‍ കാളകളെപ്പോലെ രൂപമിട്ട്
കുത്തുകൂടുന്ന വെയില്‍ക്കാലം.
ചെമ്പരത്തികള്‍ ചിരിച്ചു ചിരിച്ചു
ചുവന്ന വളപ്പ്.

ഒരോര്‍മയിലും തെഴുക്കരുതെന്ന് പറഞ്ഞ്
വലിച്ചെറിഞ്ഞ വിത്തുകള്‍
പിന്നെയും പിന്നെയും മുളയ്ക്കും.
ഏകാന്തത ഈ തൊടിയോളം
പോന്ന കറുത്ത ഹല്‍വയാവും.

ഒരു അലര്‍ച്ചയെങ്കിലും
സൌമ്യ മധുരമായ
കിളിയൊച്ചകള്‍ക്കു മുകളില്‍.
വരേണ്ടതുണ്ട്.
ഒരു നാടകീയതയുമില്ലാത്ത
ജീവിതത്തെ
ഒന്ന് കൂക്കിവിളിച്ചെങ്കിലും
പരിഹസിക്കേണ്ടതുണ്ട്.

അല്ലെങ്കില്‍,
ഈ വിരസ ജീവിതപ്പരപ്പില്‍ നിന്ന്
നിങ്ങളെങ്ങനെ വേര്‍തിരിച്ചെടുക്കുമെന്നെ...

8 അഭിപ്രായങ്ങൾ:

  1. ഏകാന്തത എന്ന കറുത്ത ഹല്‍‌വ, അതും ഈ തൊടിയോളം വലിപ്പമുള്ളത്. ഒട്ടുന്നത്, വിട്ടു പോകാത്തത്, പൊതിഞ്ഞു നില്‍ക്കുന്നത്.. എന്നാലത് മധുരമുള്ളതാണോ?
    മടുപ്പിക്കുന്നത് എന്നാലും മധുരമുള്‍ലത് എന്ന അപകര്‍ഷമാണോ?
    എനിക്കത് മണല്‍ച്ചാക്കുകളാണ്.. ശിരസ്സിലേറ്റിയ കനമുള്ള ചാക്കുകള്‍..പൊള്ളുന്ന വെയിലില്‍ കാക്കക്കാലിന്റെ തണലുപോലുമില്ലാതെ...തൊടി അപ്പോള്‍ വെറും കാനല്‍...

    മറുപടിഇല്ലാതാക്കൂ
  2. ഏകാന്തത എന്ന കറുത്ത ഹല്‍‌വ, അതും ഈ തൊടിയോളം വലിപ്പമുള്ളത്. ഒട്ടുന്നത്, വിട്ടു പോകാത്തത്, പൊതിഞ്ഞു നില്‍ക്കുന്നത്.. എന്നാലത് മധുരമുള്ളതാണോ?
    അതെ ചങ്ങാതീ,മടുപ്പിക്കുന്ന മധുരം.

    മറുപടിഇല്ലാതാക്കൂ
  3. കറുത്ത ഹല്‍‌വ എന്ന ഏകാന്തത, ഒരു വല്ലാത്ത അനുഭവമായിത്തോന്നി.
    ചെറുകഷണമെങ്കില്‍ ആസ്വദിയ്ക്കാനും, തൊടിയോളം വലുതാകുമ്പോള്‍ മനം മടുപ്പിയ്കാനും പാകത്തില്‍..

    മറുപടിഇല്ലാതാക്കൂ
  4. കൊള്ളാം
    ഹല്‍‌വ എന്നുള്ളതിന് പകരം വേറെ ഏതിനോടെങ്കിലും ഉപമിക്കുന്നതായിരുന്നു നല്ലതെന്ന് തോന്നി, തോന്നല്‍ മാത്രം.
    :)
    ഉപാസന

    മറുപടിഇല്ലാതാക്കൂ
  5. നല്ല കവിത, ഒരോര്‍മ്മ പങ്കുവെക്കട്ടെ.
    അഞ്ചു വര്‍ഷം മുന്‍പുള്ള ഓര്‍മ്മയാണ്. ഈ കവിത വായിച്ചപ്പോള്‍ പൊങ്ങിവന്നു.

    ബാംഗ്ലൂരില്‍ ജോലിചെയ്യുന്ന കാലത്ത് കൂട്ടുകാരനായ പണി റാമിന്റെ സെന്റോഫ്.. ബേലിഫ് എന്ന കോറമംഗലയിലെ കൂടിയ ബാര്‍ / റെസ്റ്റാറന്റില്‍. വെള്ളം അടിച്ചു പാമ്പായി പുറത്തിറങ്ങിയപ്പോള്‍ പണി റാമിനു ഒന്ന് കൂവണം! നല്ല പോഷ് സ്ഥലം, ശാന്തമധുരമായ സംഗീതത്തില്‍ ഫൈന്‍ ഡൈനിങ്ങ്. എങ്കിലും എല്ലാവരും വെള്ളമടിച്ച സന്തോഷത്തില്‍ പണീ, കൂവിക്കോ എന്നുപറഞ്ഞു. പണി സന്തോഷത്തോടെ ബേലിഫിന്റെ മുന്‍പില്‍ നിന്ന് നീട്ടിക്കൂവി. കൂവിക്കഴിഞ്ഞപ്പോള്‍ പണിയുടെ മുഖത്തെ സന്തോഷം ഒന്നു കാണേണ്ടതായിരുന്നു..

    മറുപടിഇല്ലാതാക്കൂ
  6. വെള്ളെഴുത്ത്,ചന്ദ്രകാന്തം,ഉപാസന,സിമി,സുനീഷ്...
    സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.സിമീ,ആ ഓര്‍മ പങ്കു വെച്ചത് രസമായി.വിരസത,ഏകാന്തത...ഇതിനെയൊക്കെ നേരിടാന്‍ നമുക്കുള്ളില്‍ എന്തൊക്കെയോ പാകം ചെയ്യുന്നുണ്ടാവും ആരോ...?പക്ഷേ വാസനകളെ നാം തളച്ചിടുന്നതാണ് കഷ്ടം.

    മറുപടിഇല്ലാതാക്കൂ
  7. ഇപ്പോഴാണ്‌ കാണുന്നത്‌. ആശംസകള്‍.
    കവിതക്കും കൂവലിനും.

    മറുപടിഇല്ലാതാക്കൂ