gfc

കഴപ്പ്

അറിയുകില്ലൊരു സ്ത്രീയും ഒരു
പുല്ലിംഗത്തിന്റെ യാതനകള്‍.
ഓരോ പെണ്ണിനേയും ചുംബനങ്ങള്‍
കൊണ്ട് കത്തിക്കാനാണെന്ന്
നിരന്തരം ഓര്‍മപ്പെടുത്താന്‍
മസ്തിഷ്കത്തില്‍ ഒരു പ്രത്യേക വിംഗ്
തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഉടലിന്റെ അടങ്ങാത്ത കൊതികള്‍
കൊള്ളക്കാരുടെ കുതിരപ്പട പോലെ
ഇടയ്ക്കിടെ വന്ന് അതിനെ പീഡിപ്പിക്കുകയും
തീവെച്ച് പോവുകയും ചെയ്യുന്നു.

അഗ്നിശമന സേനയ്ക്ക് കെടുത്താനാവാത്ത
ഈ തീ കൊണ്ട് പൊറുതിമുട്ടാനാണ്
പുരുഷജന്മമെന്നു തോന്നുന്നു.

ശരീരത്തെ ശരീരം കൊണ്ട്
ഇല്ലാതാക്കാനാണ് പ്രാപിക്കുന്നത്.
എല്ലാഭോഗങ്ങള്‍ക്കു ശേഷവും
ശരീരത്തെ വിട്ടുകിട്ടുന്നതാണ്
ഓരോ പുരുഷന്റെയും ദുരിതം.

ഈ കവിതയ്ക്കുള്ള കമന്റുകള്‍ ഇവിടെ

ഹല്ല...പിന്നെ!

ഒരാള്‍
എത്ര ഓര്‍മകളില്‍ കാണും?
കൃത്യമായി ചോദിച്ചാല്‍
ഒരാള്‍ക്ക് എത്ര അനധികൃത-
പതിപ്പുകള്‍ കാണും... ?
എത്ര ഭാവനകളില്‍ അത്
വളരും/പുനരാവിഷ്കരിക്കപ്പെടും... ?
എല്ലാ ഓര്‍മകളില്‍ നിന്നും
ഒരാള്‍ക്ക് അയാളെ
തിരിച്ചു വിളിക്കാന്‍
കഴിയുമായിരുന്നെങ്കില്‍
എന്തായേനേ ജീവിതം... ?
ഓര്‍മിക്കപ്പെടുന്നവന്
ഓര്‍ക്കുന്നവന്റെ ഓര്‍മയ്ക്കുമേല്‍
ഒരധികാരവുമില്ലാത്തത്
കഷ്ടമാണ്.
2
അധികാരമുണ്ടായിരുന്നെങ്കില്‍
ഇയാള്‍ എന്താക്കുമായിരുന്നു...?
എല്ലാ ഓര്‍മകളേയും
ഞാന്‍ ഡിസ്കണക്ട്
ചെയ്തേനേ...
ഓര്‍മകള്‍ ഡിസ്കണക്ട് ആയ
അവര്‍ പിന്നെന്തോ ചെയ്യും...?
എന്തെങ്കിലും ചെയ്യട്ടെ...
ഹല്ല...പിന്നെ!

ഓണമേ...

ഓണമേ,
നീ ആരുടേതാണ്?
എന്തായാലും
എന്റേതല്ല.
എത്രപൂക്കള്‍ പറിച്ചു...
എത്ര പൂക്കളമിട്ടു...
എന്നിട്ടും
ഈ ഓണക്കാലത്ത്
ഒന്ന് നൊസ്റ്റാള്‍ജിക്കാവാന്‍
എന്നെ നീ
പ്രേരിപ്പിക്കാത്തതെന്ത്?
ഞാ‍നിനി
മലയാളി അല്ലെന്നുണ്ടോ ?

സദ്യവട്ടങ്ങള്‍ക്ക്
ഞാന്‍ ഒരുമ്പെടുന്നില്ല,
തെരുവ് പീടികകള്‍
എന്നെ വിളിക്കുന്നില്ല.
ഒരു പൂവും പറിക്കാന്‍
എന്റെ കൈ തരിക്കുന്നില്ല.
ഒരോര്‍മയിലും ഞാന്‍
അലിയുന്നില്ല.
അസുരാ....
നീയെന്തിനാണ്
വരുന്നത്?

തുറന്നു നോക്കാത്ത സന്ദേശങ്ങള്‍

ഇരയും വേട്ടക്കാരനും തമ്മില്‍
ഒരു സമവായമുണ്ട്.
ഞാനിത്രവരെ ഓടാം
ഞാന്‍ ഇന്ന ഇടത്ത് നില്‍ക്കാം
എന്നൊക്കെ...

മരണം എന്ന അന്ധതയിലേക്ക്
കാല്‍തെറ്റി വീഴും മുന്‍പ്
തുറന്നു നോക്കാത്ത
ഒരു സന്ദേശമെത്തും;
ഒരിട കിട്ടിയാലും
ഇല്ലെങ്കിലും.

കണ്ടില്ലെന്ന് നടിക്കരുത്

ഈ ശവത്തെ
കണ്ടില്ലെന്ന് നടിക്കരുത്.
അതിന്റെ കണ്ണുകള്‍
തുറന്നു പിടിച്ചിരിക്കുന്നത്
നിന്നെ നോക്കാനാണ്.

വരികയില്ല കൂടെ എന്ന്
ആത്മാവിനോട് പറഞ്ഞ്
ബലം പിടിച്ചിരിക്കുകയാണ്
ഭൂമിയില്‍...

അത്രയ്ക്കിഷ്ടമാണത്രേ
അതിന് നിന്നെ.

ഒന്ന് മറ്റൊന്നിനെ

എങ്ങോട്ടാണെന്നോ
ഇപ്പൊ വരാമെന്നോ
വൈദ്യുതി പറയാതെ പോയി
ആ രാത്രി..
കാറ്റും വെളിച്ചവും പോയ
വീട്ടില്‍ നിന്ന്
രണ്ടു കണ്ണുകളും രണ്ട് കാതുകളും
വരാന്തയിലേക്കിറങ്ങി.

ഇരുട്ട്.
ഇരുട്ടിനെ കീറിമുറിക്കാന്‍
ഒച്ചകള്‍ രാകുന്ന
ചീവീടുകള്‍ .

ദൂരെ ഒളിച്ചിരുന്ന
ശബ്ദങ്ങള്‍ ഒന്നൊന്നായി എഴുന്നേറ്റുവന്നു.
കിഴക്കു ഭാഗത്തെ ഡ്രൈവറുടെ വീട്ടിലെ
അടുക്കളയില്‍ നിന്ന്പിഞ്ഞാണങ്ങളുടെ ഒച്ചകള്‍ ,
പടിഞ്ഞാറെ വീട്ടില്‍ പണികഴിഞ്ഞിരിക്കുന്ന
പെണ്ണുങ്ങളുടെ കിസ,
പൊട്ടിച്ചിരികള്‍ ,
ഉറങ്ങാത്ത കുട്ടികളുമായി
അമ്മമാര്‍ നടത്തുന്ന കശപിശ,
താരാട്ട്,
നെടുവീര്‍പ്പുകള്‍ ,
അങ്ങേക്കുന്നില്‍ നിന്ന്
ഒരു പശുവിന്റെ അമറല്‍ ...
വരികയാണെല്ലാം,
ഇനി ഈ ചെവികള്‍
കിട്ടുകയില്ലെന്ന മട്ടില്‍ .

എവിടെയായിരുന്നു ഇതേ വരെ?
ഞങ്ങള്‍ ഇവിടെത്തന്നെ ഉണ്ടായിരുന്നല്ലോ
എന്ന് അവ.

വെളിച്ചം കാഴ്ച്ചകളെ
എങ്ങനെ മറയ്ക്കുന്നുവെന്ന്
ഒരു ശബ്ദം കുറേ ഒച്ചകളെ
എങ്ങനെ മറയ്ക്കുന്നുവെന്ന്,
ഒരു വീട് മറ്റു വീടുകളെ
എങ്ങനെ മായ്ക്കുന്നുവെന്ന്
ഇരുട്ട് പറഞ്ഞുകൊണ്ടിരുന്നു.

നനഞ്ഞ്

മണ്‍ തരികളായാലും ഞാന്‍ നിന്നെ ഓര്‍മിച്ചേക്കും.
നിന്റെ കാലടികളില്‍ പറ്റി നിന്നോടൊപ്പം സഞ്ചരിക്കും.
ജലത്താല്‍ അന്നും നീയെന്നെ വേര്‍പെടുത്തും.
നീ ഉറങ്ങുമ്പോഴും നിന്റെ വീട്ടുവാതില്‍ക്കല്‍
ഞാന്‍ ഉണര്‍ന്നിരിക്കും,നനഞ്ഞ്...

പോളന്‍

മരിക്കുന്നതിനു മുന്‍പ്
പോളന്‍ ഒന്നേ ആവശ്യപ്പെട്ടുള്ളൂ;
പച്ചിലകള്‍ നിറഞ്ഞ ഒരു മുരിക്കിന്‍കൈ
എടുക്കരുതെന്ന് പറഞ്ഞില്ല,പകരം
വൈദ്യുതക്കമ്പികള്‍ ജീവനെടുത്തു.
പതിനൊന്നു കെ.വി ലൈനില്‍
ഇപ്പോള്‍ ഒഴുകുന്നുണ്ട് ജീവന്‍.

ജീവിതത്തിന്റെചേമ്പിന്‍ താളില്‍
ഓണത്തിയുടെ കണ്ണീര്‍ നില്‍ക്കില്ല.
മുരിക്കിന്‍ കൊമ്പിലൂടെ
ചുള്ളിയോട്ടപ്പനിലേക്ക് പോയവന്‍
തിറയ്ക്ക് വരും.
അംബികയ്ക്കും വിനോദിനും
വളയും പൊരിയും വാങ്ങിക്കൊടുക്കാന്‍
ട്യൂബ് ലൈറ്റുകളുടെയും മാലബള്‍ബുകളുടെയും
പൊട്ടിച്ചിരിയായി അമ്പലപ്പറമ്പില്‍ നിറയും.
എന്നാലും....
പോളാ നീ വരണ്ട,
നിന്റെ കുട്ടികള്‍ കരയും.
വൈദ്യുതക്കമ്പികള്‍ തുലയട്ടെ.

എന്റെ മുറിയില്‍
ഒരു കൊലപാതകിയുടെ ചിരി നിറഞ്ഞു.

-------------------------------------------------------------------------------------------
ചുള്ളിയോട്ടപ്പന്‍-ഒരു പ്രാദേശിക ദൈവം
പോളന്‍ മരിച്ചപ്പോള്‍ ഞാന്‍ ഇങ്ങനെ എഴുതി ആത്മനിന്ദയോടെ ഇത്ര നാള്‍ മൂടിവെച്ചു.ഇനിയും മൂടിവെച്ചേനേ.പോളന് ഈ ഓര്‍മക്കുറിപ്പിരിക്കട്ടെ എന്നു തോന്നി.
ചിത്രകാരന്റെ അഭിപ്രായം മാനിച്ച് അവസാനവരികള്‍ മുറിച്ചുമാറ്റി.

പരിമിതി

കാക്കകള്‍
പ്രേമലേഖന മത്സരം നടത്തി.
സമ്മാനം കിട്ടിയ പ്രണയലേഖനം
ഇങ്ങനെയായിരുന്നു:
‘കരിക്കട്ട പോലെ കറുത്തവളേ,
പുളിങ്കൊമ്പത്ത് കൂടു വെച്ചവളേ,
ആകാശം അതിന്റെ നീലക്കടാലസില്‍
വരച്ചു വെച്ച് ഓമനിക്കുന്നവളേ...,
നിന്റെ ചിറകുകളുടെ ഇരുട്ടു കൊണ്ട്
എന്റെ സ്നേഹത്തിന്റെ നക്ഷത്രങ്ങള്‍ തുടച്ചെടുക്കുക.’
വേദിയില്‍ വെച്ച് സമ്മാനാര്‍ഹനായ കാക്ക
കവിത വായിച്ചു:
‘കാ...കാ...കാ...’
മറ്റൊന്നും പുറത്തു വന്നില്ല.

പ്രതിരോധം

ഇരുട്ടിനെ കടിച്ചുമുറിച്ചും
നിലാവിനെ നക്കിക്കുടിച്ചും
ഉറക്കമൊഴിക്കാറുള്ള കാവല്‍ നായ
കഴിഞ്ഞ രാത്രി വീട്ടു പടിക്കല്‍ നിന്ന്
മരണത്തെ കുരച്ചോടിച്ചു.


കുരച്ചു കുരച്ച് അടുത്ത കവല വരെ
ഓടിച്ചു തിരിച്ചു വരുമ്പോള്‍
പിന്നാലെ മരണവും വരും...
വീണ്ടും കുരച്ചു കുരച്ചു കവല വരെ...
പുലരും വരെ അങ്ങനെ സ്വന്തം
ശബ്ദങ്ങളില്‍ ജ്വലിച്ചു നിന്നു അത്.
നേരം വെളുത്തതുകൊണ്ടു മാത്രം
മരണം തിരിച്ചുപോയി.
ഇല്ലെങ്കില്‍ വെളുത്ത പുതപ്പിട്ട്
കൊണ്ടുപോയേനേ
ഈ പുലരിയുടെ പുഞ്ചിരി.

ഉദ്യോഗസ്ഥ പ്രഭു

ഉദ്യോഗസ്ഥ പ്രഭു ഞെളിഞ്ഞും പിരിഞ്ഞും കസേരയിലിരുന്നു.പല ബ്രാന്‍ ഡിലുള്ള മദ്യങ്ങള്‍ ദിവസേന വീശി വികസിപ്പിച്ചെടുത്ത കുടവയര്‍ തടവി.കാല്‍ക്കീഴില്‍ ഒരു സാധാരണക്കാരന്‍ പുഴുവിണെ പ്പോലെ നില്‍ക്കുന്നു.ഉദ്യോഗസ്ഥ പ്രഭു അതിനെകാര്‍ക്കിച്ചു തുപ്പി.കൃസ്തു കൈപ്പവെള്ളമെന്ന പോലെ കാല്‍ക്കീഴിലെ വസ്തു അത് നുണയുന്നുണ്ട്.

ഉദ്യോഗസ്ഥ പ്രഭു അന്നത്തെ വരവ് അടുക്കിപ്പെറുക്കി എണ്ണിത്തുടങ്ങി.ചുമരില്‍ ചില്ലിട്ടുവെച്ച ഗാന്ധിത്താത്തയെ തൊഴുത് നന്ദി സൂചിപ്പിച്ചു.നെഹ്രുവിന് ഒരു ഉമ്മ കൊടുത്തു.അംബേദ്കറുടെ മുന്നില്‍ പൂക്കള്‍ വെച്ചു.

ഉദ്യോഗസ്ഥ പ്രഭു ആപ്പീസ് പുഴുക്കളോടൊപ്പം ടൂറിസ്റ്റ് കാറില്‍ കയറി.വെടിപൊട്ടിച്ചു കൊണ്ട് ബാറിലേക്ക് പോവുകയാണ്.

സാധാരണക്കാരന്‍ ഒരു അപേക്ഷയുമായി ആലോചനകളോട് മല്ലിടുകയാണ്.ഇത് പത്താമത്തെ വരവ്...അല്ലെങ്കില്‍ പതിനൊന്നാമാത്തേത്...
ക്രമപ്രകാരമുള്ള വീതം കൊണ്ട് എല്ലാ മൂര്‍ത്തികള്‍ക്കും നോട്ടുമാലയിടാത്തതുകൊണ്ട് പുറത്തായവന്‍.
പുറത്ത് എഴുതിവെച്ചിട്ടുണ്ട്,പാരിതോഷികങ്ങളോ പണമോ സ്വീകരിക്കുന്നത് കുറ്റകരമാണെന്ന്;ഫോണ്‍ നമ്പറുമുണ്ട്.
പക്ഷേ അതൊക്കെ ഉദ്യോഗസ്ഥപ്രഭുവിന്റെ ഒരു നമ്പറാണ്.

ചില മണ്ടശിരോമണികള്‍ അതില്‍ കുടുങ്ങും.
ആ നമ്പറിലെങ്ങാനും വിളിച്ചു പോയാല്‍ അവനെ ആപ്പീസിലിട്ട് കൂട്ടബലാത്സംഗം ചെയ്യും.

ജനാധിപത്യമേ,നീ ഞങ്ങള്‍ക്കു തന്ന ഈ മഹത്തായ സൃഷ്ടിയെ പോറ്റാന്‍ ഞങ്ങള്‍ക്കിനിയും കെല്‍പ്പ് നല്‍കേണമേ...

ബൈക്ക് യാത്രക്കാരനെ പ്രേമിക്കുന്ന പെണ്‍കുട്ടി

സാമ്പാറിന് കഷ്ണം അരിയുമ്പോള്‍
കണ്ണാടിക്കു മുന്നില്‍ പുരികങ്ങള്‍ പറിച്ച്
വില്ലിന്റെ ആകൃതി വരുത്തുമ്പോള്‍
പ്രിയപ്പെട്ട പരമ്പരയിലേക്ക്
കണ്ണു തുറിച്ചിരിക്കുമ്പോള്‍
മെടഞ്ഞിട്ട മുടിയുടെ അറ്റം
വെറുതെ കൈയിലെടുത്ത്
ഓമനിക്കുമ്പോള്‍
എപ്പോഴായാലും കുഴപ്പമില്ല...
ഒരു ബൈക്കിന്റെ ഹോണടി ശബ്ദം
അവളെ അതിരില്‍
പറത്തിക്കൊണ്ടു പോയി നിര്‍ത്തും.
അപ്പോഴേക്കും അതിവേഗത്തില്‍
അത് പോയിക്കഴിഞ്ഞിരിക്കും.
വിദൂരതയിലേക്ക് അത് പറന്നില്ലാതാവുന്നതിന്റെ
ഒരു ലോങ് ഷോട്ടില്‍ നിന്ന് പെട്ടെന്ന് കട്ട് ചെയ്ത്
അവളുടെ മനസ്സിലേക്ക് ഒരു
ബൈക്ക് ചീറിപ്പാഞ്ഞു വരുന്ന
ഒരു ക്ലോസപ്പ് അപ്പോള്‍ ഉണ്ടാവും.
അതിന്റെ ഇരമ്പല്‍ കാരണം
അവള്‍ക്ക് ഒരു സ്വൈരവുമില്ല.

ഒരു കാറ്റ് ഒരു മരത്തെ

മഴക്കാലരാത്രി.
ഒരു കാറ്റ് ഒരു മരത്തെ
ജപ്തി ചെയ്യാനെത്തി.
എല്ലാ ഇലകളും പിടഞ്ഞു.
ജയിച്ചിട്ടേ കാറ്റു പോയുള്ളൂ.

വിശപ്പ്

ഞാനെന്റെ വിശപ്പിനെ അഴിച്ചു വിട്ടു.കിട്ടിയതുമുഴുവനും വലിച്ചു വാരിതിന്നിട്ടും വിശപ്പുതീരാഞ്ഞ അത് എന്റെ ഭാര്യയേയും കുട്ടികളേയും തിന്ന് പുറത്തേക്കിറങ്ങി.

അയല്പക്കത്തെ വീടിന്റെ മതില്,അവിടത്തെ നായക്കുട്ടി,അടുക്കളപ്പുറത്ത് അലക്കിക്കൊണ്ടിരിക്കുന്ന പെണ്‍കുട്ടി,വീട്,തൊടി കുളം,കുന്ന്,പാടം എല്ലാറ്റിനേയും പിടിച്ചു തിന്ന് അത് റോട്ടിലേക്കിറങ്ങി.

നാലരയ്ക്ക് വരുന്ന സ്കൂള്‍ബസ്സിനെ പിടിച്ചു വിഴുങ്ങി അത് പട്ടണത്തിലേക്ക് നടന്നു.

ബഹുനിലക്കെട്ടിടങ്ങള്‍,ജനനിബിഡമായ വഴികള്‍,കടകള്‍,വാഹനങ്ങള്‍,ശബ്ദങ്ങള്‍,പുക ഒക്കെയും വലിച്ചുവാരിത്തിന്നിട്ടും അതിന്റെ വിശപ്പു തീര്‍ന്നില്ല.

‘ടപ്പ്,ടപ്പ്,ടപ്പ്...’
വാതില്‍ തുറന്നു നോക്കുമ്പോള്‍ അതുണ്ട് നില്‍ക്കുന്നു.തീരാത്ത വിശപ്പുമായി അതെന്നെ തുറിച്ചു നോക്കുന്നു...